തിരൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ ഒരുക്കിയ ‘ശലഭങ്ങൾ 2024’ മൂന്നുദിന ജില്ലാ തല കലോത്സവത്തിന് തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് തുടക്കമായി. അന്താരാഷ്ട്ര ഭിന്നശേഷിദിനമായ ഇന്നലെ സംഘടിപ്പിച്ച പരിപാടി സ്പോർട്സ്, ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു.മുപ്പത്തിരണ്ട് ബഡ്സ് സ്കൂളുകളും മുപ്പത്തിമൂന്ന് പുനരധിവാസ കേന്ദ്രങ്ങളുമടക്കം അറുപത്തിയഞ്ച് സ്ഥാപനങ്ങളിൽ നിന്നുമായി എണ്ണൂറോളം കലാകാരന്മാരും കലാകാരികളുമാണ് ശലഭങ്ങൾ 2024 ൽ പങ്കെടുക്കുന്നത്. ഉദ്ഘാടന വേദിയിൽ കഴിഞ്ഞവർഷം മികച്ച മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ബഡ്സ് സ്ഥാപനങ്ങളെ മന്ത്രി അവാർഡുകൾ കൊടുത്ത് ആദരിച്ചു.ആദ്യദിനമായ ഇന്നലെ കലോത്സവത്തിലെ നിറഞ്ഞ വേദികളെ സാക്ഷിയാക്കി കോൽക്കളി,ബാൻഡ് മേളം,നാടോടിനൃത്തം,ലളിതഗാനം,നാടൻപാട്ട് തുടങ്ങിയ മത്സര ഇനങ്ങളിൽ നാനൂറോളം കുട്ടികളാണ് വാശിയോടും ഉത്സാഹത്തോടും മത്സരിച്ചത്. ശലഭങ്ങൾക്ക് ആവേശം പകർന്ന് മുഴുവൻ സമയവും പിന്തുണയുമായി ബഡ്‌സ് സ്കൂൾ ടീച്ചർമാരും, ആയമാരും,രക്ഷിതാക്കളും,കുടുംബശ്രീ വളണ്ടിയർമാരും, സ്നേഹതീരം സന്നദ്ധ പ്രവർത്തകരും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യാതിഥിയായി.വൈസ് ചെയർപേഴ്സൺ പി.രാമൻകുട്ടി, കുടുംബശ്രീ ഡി.എം.സി സുരേഷ് കുമാർ ബി, എ.ഡി.എം.സി മാരയ മുഹമ്മദ് അസ്ലം, സനീറ.ഇ, എസ്.ഡി-ഡി. പി.എം ഹസ്‌കർ കെ.എസ്,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.