താനാളൂർ: ഒഴൂർ പഞ്ചായത്തിൽ നാട്ടുകാർക്ക് ഭീഷണിയായി കുറുക്കന്റെ പരാക്രമം തുടരുന്നു. ഞായറാഴ്ച ഏഴു വയസുകാരിയായ വിദ്യാർഥിനിയെ കടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ തിങ്കളാഴ്ച മറ്റു രണ്ടുപേർ കൂടി കുറുക്കന്റെ ആക്രമണത്തിനിരയായി. ഒഴൂർ മൂന്നാം വാർഡ് തലക്കെട്ടൂരിൽ കള്ളിയത്ത് സഹീദിന്റെ ഭാര്യ ഫസീലയെയും (30) ഓണക്കാട് പ്രദേശത്തെ മറ്റൊരാളെയുമാണ് കുറുക്കൻ ആക്രമിച്ചത്. ഫസീലയെ തിരൂരങ്ങാടി ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഒഴൂർ കതിർകുളങ്ങര പൊടിയേങ്ങൽ അബ്ദുൽ മജീദിന്റെ മകൾ ഫാത്തിമ നഹ്ലയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചിരുന്നു. ഫാത്തിമ നഹ്ല കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം അയ്യായ ഇല്ലത്തപ്പടി പ്രദേശത്ത് ഒരാളെ കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആട്ടിയോടിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു.