ഭാരതപ്പുഴയുടെ ഇരുകരകളെയും തൊട്ടുണർത്തി ശ്രീചക്ര രഥയാത്ര തിരുനാവായ ത്രിമൂർത്തി സ്നാന ഘട്ടിൽ സമാപിച്ചു. ഭാരതപ്പുഴ കേരളത്തിൽ പ്രവേശിക്കുന്ന കൊടുമ്പിൽ ഭാരതപ്പുഴയെ പൂജിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ പതിനാല് പൈതൃകഗ്രാമങ്ങളിലൂടെ സഞ്ചരിച്ച രഥം ചൊവ്വാഴ്ച വൈകീട്ടാണ് തിരുനാവായയിലെത്തിയത്.
ശബരിമല മുൻ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന രഥയാത്ര താലപ്പൊലിയുടെ അകമ്പടിയോടെയാണ് തിരുനാവായ ടൗണിൽനിന്നും നവാമുകുന്ദ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. തുടർന്ന് കൊടിയേറ്റവും കലാപരിപാടികളും അരങ്ങേറി.
നവാമുകുന്ദ ക്ഷേത്രാങ്കണത്തിൽ വ്യാഴാഴ്ച മുതൽ 28 വരെ യാണ് മാഘമക മഹോത്സവം നടക്കുന്നത്. രാവിലെ അഞ്ചിന് സൂര്യകാലടി മനപരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമം, സായി വേദവാഹിനി പരിഷത്തിന്റെ നേതൃത്വത്തിൽ വേദപാരായണം എന്നിവ നടക്കും.
ഒമ്പതിന് സാമൂതിരി രാജാക്കൻമാർ നടത്തിയ 55 മാമാങ്കങ്ങളിൽ കൊല്ലപ്പെട്ടവർക്ക് സമൂഹബലിതർപ്പണം നടത്തും. 10ന് എ.കെ. സുധീർ നമ്പൂതിരിയുടെ അധ്യക്ഷതയിൽ താനൂർ അമൃതാനന്ദമയീമഠം സ്വാമിനി അതുല്യാമൃതപ്രാണാ മാഘമക മഹോത്സവം ഉദ്ഘാടനം ചെയ്യും. മാമാങ്കം ഐതിഹ്യവും ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കി ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറും മാഘമക മഹോത്സവത്തിന്റെ ചീഫ് കോഓഡിനേറ്ററുമായ തിരൂർ ദിനേശ് ആമുഖഭാഷണം നടത്തും. ചലച്ചിത്ര സംവിധായകൻ വിജി തമ്പി, ചലച്ചിത്ര നടൻ ദേവൻ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യാതിഥികളാവും. വൈകീട്ട് തിരുന്നാവായ തൈപ്പൂയ്യം ആഘോഷിക്കും.