തിരുന്നാവായ: എടക്കുളം സാന്ത്വനം പാലിയേറ്റിവ് കെയർ കെട്ടിടം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂന്നു വർഷം മുമ്പ് എടക്കുളത്തെ ഒരുപറ്റം നന്മനിറഞ്ഞ ചെറുപ്പക്കാരുട കൂട്ടായ്മയിലാണ് സാന്ത്വനം പാലിയേറ്റിവ് കെയർ രൂപം കൊണ്ടത്. അന്നുമുതൽ തിരുനാവായ പഞ്ചായത്തിലെ 70 ശതമാനം ഏരിയകളിലും വീടുകളിൽ ചെന്ന് കിടപ്പിലായ രോഗികൾക്ക് വേണ്ട പരിചരണവും സാമൂഹിക പ്രതിബദ്ധത പദ്ധതിക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളും ഈ കൂട്ടായ്മ ചെയ്തു വരുന്നു. ഇതിനിടയിലാണ് ആതുരസേവനങ്ങൾക്കായി സ്വന്തമായൊരു കെട്ടിടം വേണമെന്ന ആവശ്യമുയരുന്നത്. തുടർന്നുള്ള ചർച്ചയിൽ നിന്നാണ് പൊതുജനങ്ങളുടെയും കാരുണ്യനിധികളായ മനുഷ്യസ്നേഹികളുടെ സഹായത്തിലും ശാരീരിക, സാമ്പത്തിക, മാനസിക പിന്തുണയോടെ എടക്കുളം സാന്ത്വനം പാലിയേറ്റീവ് കെയറിന് കെട്ടിടമായത്. പാലിയേറ്റിവ് ഹോം കെയർ സെന്റർ, ഇൻപേഷ്യന്റ് യൂനിറ്റ്, ഭിന്നശേഷി ഏരിയ, ഫിസിയോ തെറപ്പി, എടക്കുളം പബ്ലിക്ക് ലൈബ്രറി, മയ്യിത്ത് പരിപാലനം, കോൺഫറൻസ് ഹാൾ, പ്രാർഥന മുറി എന്നിങ്ങനെ ഇതിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് ബ്ലോക്കുകളുടെ ഉദ്ഘാടനമാണ് നടന്നത്. മറ്റു ബ്ലോക്കുകൾ ആഗസ്റ്റ് 15 ന് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സി.പി. മൊയ്തീൻകുട്ടി ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിൽ സജ്ജീകരിച്ച കോൺഫറൻസ് ഹാൾ കുറുക്കോളി മൊയ്തീൻ എം.എൽ.എയും ഭിന്നശേഷി ഏരിയ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
സാന്ത്വനം പ്രസിഡന്റ് സി.പി. ഹമീദ്, ശംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ, അബു വെള്ളാടത്ത്, അവറാങ്കൽ മൊയ്തീൻകുട്ടി, സി.പി. അബ്ദുസമദ് ബാബു, കെ.വി. ഹസ്സൻ, എം.പി. നസീർ അഹമ്മദ് എന്നിവർ സംസാരിച്ചു.