കൽപകഞ്ചേരി: നിലമ്പൂർ നെടുങ്കയം പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പിൽ അബ്ദുൽ റഷീദിൻ്റെ മകൾ ആയിഷ റിദ (14) പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മുഹ്സിന (11) എന്നീ വിദ്യാർത്ഥികൾ നിലമ്പൂർ നെടുങ്കയം കരിമ്പുഴയിൽ മുങ്ങി മരിച്ചത്. ഇരുവരും കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപത് ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ്
ആയിഷ റിദയെ കൻമനം ജുമാമസ്ജിദിലും, ഫാത്തിമ മുഹ്സിനയെ ചെലൂർ ജുമാ മസ്ജിദിലും കബറടക്കും
സ്കൗട്ട് ആൻഡ് ഗൈഡ്സിലെ വിദ്യാർത്ഥികൾ പഠനത്തിൻ്റെ ഭാഗമായാണ് നെടുങ്കയത്ത് ക്യാമ്പിന് എത്തിയത്. 49 വിദ്യാര്‍ഥികളും എട്ടു അധ്യാപകരുമടങ്ങിയ സംഘത്തിൽ 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ നിന്നു പുറപ്പെട്ട ഇവര്‍ നിലമ്പൂരിലെ കനോലി പ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി ഉച്ചക്ക് ശേഷമാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. അവിടെ താമസിക്കാനുള്ള അനുമതി വനം വകുപ്പില്‍ നിന്നു വാങ്ങിയശേഷം കാമ്പ് ഒരുക്കുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. നെടുങ്കയം പാലത്തിന്റെ താഴെ ഭാഗത്ത് ആണ്‍കുട്ടികളും മുകള്‍ ഭാഗത്ത് പെണ്‍കുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്നു വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗം അപകടമേഖലയായിരുന്നു. ഇവിടെ പുഴയില്‍ ഇറങ്ങരുതെന്നു വനം വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് വച്ച സ്ഥലമാണിത്. എന്നിട്ടും വനം വകുപ്പിന്റെ അനുമതിയോടെ തന്നെയാണ് കുട്ടികള്‍ അവിടെ കുളിക്കാനിറങ്ങിയത്. വന്‍ കയമുള്ള ഇവിടെ പുഴയിലിറങ്ങിയ കുട്ടികളില്‍ ചിലര്‍ മുങ്ങിത്താഴുന്നത് കണ്ട് ചില അധ്യാപകര്‍ ഓടിയെത്തി പുഴയിലിറങ്ങിയാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ അതുവഴി എത്തിയ വാഹനത്തില്‍ കരുളായിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചിരുന്നു.