സംസ്ഥാനത്ത് കവച് പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി നാളെ സൈറണ്‍ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് ‘കവചം’ എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നാളെ ഒക്ടോബ൪ ഒന്നിന് നടക്കുക. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാവിലെയും വൈകുന്നേരവുമായാണ് സൈറണുകളുടെ പരീക്ഷണം നടക്കുക.
മലപ്പുറം ജില്ലയിലെ എട്ടു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ചൊവ്വാഴ്ച വൈകീട്ട് 3.35 നും 4.10 നും ഇടയില്‍ മുഴങ്ങും. ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്, ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജി.എം.യു.പി.എസ് പറവണ്ണ, ജി.എഫ്.എല്‍.പി.എസ് പരപ്പനങ്ങാടി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്ബൂര്‍, ജി.വി.എച്ച്.എസ് കീഴുപറമ്ബ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്ബോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. മൊബൈല്‍ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാൻ സാധിക്കും.