ഇടത് മുന്നണിയുമായുള്ള ബന്ധമവസാനിപ്പിച്ച നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സിപിഎം പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.മലപ്പുറത്തും നിലമ്ബൂരിലും ഇടക്കരയിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കോഴിക്കോട് ജില്ലയിലും അന്‍വറിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്നാണ് പ്രധാന മുദ്രാവാക്യം.
അന്‍വറുമായി അടുത്ത ബന്ധമുണ്ടായിരുന്ന നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ എംഎല്‍എക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ‘ഗോവിന്ദന്‍ മാഷൊന്ന് ഞൊടിച്ചാല്‍ മതി അന്‍വറിന്റെ കയ്യും കാലും വെട്ടി പുഴയിലെറിയും, പൊന്നേ എന്ന് വിളിച്ച നാവിന് പോടാ എന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ചത്. എംഎല്‍എയുടെ കോലം കത്തിച്ചും പ്രതിഷേധം അരങ്ങേറി.