ചങ്ങരംകുളം: സ്വന്തം മണ്ഡലത്തിൽ കൊടിയുർത്തിക്കാണിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ബി.ജെ.പിക്കാരെ പേടിച്ച് കോൺഗ്രസും മുസ്ലിം ലീഗും സ്വന്തം കൊടികൾ വയനാട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. മുസ്ലിം ലീഗിൻ്റെ കൊടി നോക്കി പാകിസ്ഥാൻ പതാകയെന്ന് ബി.ജെ.പിക്കാർ വിളിച്ചുപറയുമ്പോൾ അതിന് മറുപടി പറയാൻ പോലും ലീഗ് നേതാക്കൾക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞടുപ്പ് പൊതുയോഗം ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ നേതാവ് അജിത് കൊളാടി അധ്യക്ഷനായി. സ്ഥാനാർത്ഥി കെ.എസ് ഹംസ, മന്ത്രി വി. അബ്ദുറഹ്മാൻ, പി.നന്ദകുമാർ എം.എൽ.എ, ടി. സത്യൻ, വി.കെ ഖലീമുദ്ദീൻ, പി. വിജയൻ, എം.എൻ നാരായണൻ, കെ.നാരായണൻ, രാജൻ എന്നിവർ സംസാരിച്ചു.