കൽപകഞ്ചേരി: നീണ്ട വർഷത്തെ പ്രയത്നത്തെ തുടർന്ന് തൻ്റെ ലക്ഷ്യം കൈവരിച്ച സന്തോഷത്തിലാണ് കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ. ഔദ്യോഗിക തിരക്കുകൾക്കിടയിലും പഠനം നടത്തി ചിദംബരം അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി സ്വന്തമാക്കിയാണ് കെ.പി.വഹീദ ഡോക്ടറേറ്റ് ബഹുമതി സ്വന്തമാക്കിയത്.

” ജില്ലയിലെ പഞ്ചായത്തുകളിലെ മുസ്ലിം വനിത ജനപ്രതിനിധികളുടെ രാഷ്ട്രീയ ശാക്തീകരണം ” എന്നതായിരുന്നു പഠന വിഷയം. പ്രസിഡൻ്റ് പദവിയും പി.എച്ച്.ഡി പഠനവും ഒരുമിച്ച് കൊണ്ടുപോകാനാകും എന്ന പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം തൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസം പകർന്നതായി വഹീദ പറഞ്ഞു. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്‌സിലും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിലുമായി ഡബിൾ പി.ജി.യും, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും അഡൽറ്റ് എജ്യുക്കേഷണിൽ പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്.
2012 മുതൽ 2015 വരെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. 2016-17 കാലഘട്ടത്തിൽ കേരളാ സാക്ഷരതാമിഷൻ പാലക്കാട് ജില്ലാ അസിസ്റ്റൻ്റ് കോഡിനേറ്റർ, വനിതാലീഗ് മുൻ ജില്ലാ അംഗം പദവികൾ വഹിച്ചിട്ടുണ്ട്. വിമൺ ഇൻഫ്ലുവെൻസ് സ്പീക്കർ, വിദ്യാഭ്യാസ പ്രവർത്തകകൂടിയായ വഹീദ കേരളാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ, ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ കൂടി വഹിക്കുന്നുണ്ട്. രണ്ടത്താണി വാരിയത്ത് സ്വദേശി ചോലയിൽ പറമ്പിൽ അബ്ദുൽ റഹ്മാനാണ് ഭർത്താവ്. മക്കൾ ബദറിൽ സിറാജ്, ഷാമിൽ അഹമ്മദ്, ആയിഷ ഷസ്ന.