അടിമാലി: സംസ്ഥാനത്ത് ബ്രോയ്ലര്‍ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടില്‍നിന്നുള്ള കോഴിയുടെ വരവ് ഉയര്‍ന്നതുമാണ് വില കുറയുവാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
നേരത്തേ 200 മുതല്‍ 240 രൂപ വരെയായിരുന്നു വില. വില കുറഞ്ഞതോടെ കോഴിയിറച്ചി വില്‍പന ഇരട്ടിയായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന.
കാലാവസ്ഥ അനുകൂലമായതോടെയാണ് സംസ്ഥാനത്തെ ഫാമുകളില്‍ ചിക്കന്‍ ഉല്‍പാദനം ഗണ്യമായി വര്‍ധിച്ചത്. ഇത് കോഴിക്കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി. ഇതിനിടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കോഴികളുടെ വില പകുതിയായി കുറച്ചതോടെ പൊതുവിപണിയിലെ വില താഴേക്കു പതിച്ചു.
മേയ് അവസാനം വരെ കിലോക്ക് 220-240 രൂപ വിലയുണ്ടായിരുന്നു. ജൂണായതോടെ 200ലേക്കും 190ലേക്കുമായി കുറഞ്ഞു. ജൂലൈയില്‍ 170-190 രൂപയായിരുന്നു പ്രാദേശിക വിപണിയിലെ വില. ആഗസ്റ്റ് ആദ്യ വാരത്തോടെ വില കുറഞ്ഞ് 120 വരെയായി. ശനിയാഴ്ച പ്രാദേശിക വിപണിയില്‍ 10 മുതല്‍ 15 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കച്ചവടക്കാര്‍ അറിയിച്ചു.
കോഴിയുടെ വില കുറഞ്ഞത് പ്രാദേശിക കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു കോഴിയെ വളര്‍ത്തി വിപണിയിലെത്തിക്കാന്‍ കര്‍ഷകന് 90 മുതല്‍ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. വില കുറഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ നഷ്ടം ഇരട്ടിക്കും.