തിരൂർ: പൂർവ വിദ്യാർഥി സംഗമത്തിന് എത്തി ശിഷ്യൻ അധ്യാപികയുമായി പരിചയം പുതുക്കി 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി. സംഭവത്തിൽ പൂർവ്വ വിദ്യാർത്ഥി തിരൂർ തലക്കടത്തൂർ സ്വദേശി നീലിയത് വേർക്കല്‍ ഫിറോസ് (51)നെ കർണാടകയില്‍ നിന്നാണ് പരപ്പനങ്ങാടി പൊലീസ് പ്രതിയെ പിടികൂടി.
സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയെ ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 1988-90 കാലത്ത് പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. വിശ്വാസ്യത ഉറപ്പാക്കാനായി രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് പണം കൈപ്പറ്റിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നല്‍കി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നല്‍കി.
വിശ്വാസം പിടിച്ചു പറ്റി തവണകളായി കൂടുതല്‍ പണവും സ്വർണ്ണവും കൈക്കലാക്കി പ്രതി മുങ്ങുകയായിരുന്നു.
അധ്യാപികയുടെ ദയ പിടിച്ചുപറ്റാൻ പല കള്ളത്തരങ്ങളും പറഞ്ഞു. പക്ഷാഘാതം ബാധിച്ചിരുന്നതും ജീവിക്കാൻ മാർഗമില്ലെന്നും പറഞ്ഞു. തുടർന്നാണ് ബിസിനസ് തുടങ്ങാൻ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നല്‍കാമെന്നും പറഞ്ഞ് പണം കൈക്കലാക്കിയത്.
ബിസിനസ് വിപുലമാക്കാനെന്ന് പറഞ്ഞതോടെ ബാങ്കില്‍ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണവും അധ്യാപിക ഫിറോസിന് നല്‍കി. പിന്നീട് ഫിറോസിന്റെ ഫോണ്‍ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് പറ്റിക്കപ്പെട്ടതായി മനസിലായത്. മാസങ്ങളോളം ഫിറോസിന്റെ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് ഇവർ പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഫിറോസ് കർണാടകയിലെ ഹാസനില്‍ ആർഭാടമായി ജീവിക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇതോടെ പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂരും സംഘവും ഹാസനിലെത്തി അന്വേഷണം നടത്തി പിടികൂടുകയായിരുന്നു.