കൽപകഞ്ചേരി: ഹിമാചൽ പ്രദേശിലെ സ്പിതി വാലിയിലെ വിന്റർ എക്സ്പെഡിഷൻ 4×4 യാത്രയിൽ പങ്കെടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ജില്ലയ്ക്കും നാടിനും അഭിമാനമായിരിക്കുകയാണ് കൽപകഞ്ചേരി സ്വദേശി കരിമ്പനക്കൽ ഷമീം മാർഷാദ്. ഫെബ്രുവരി 9നാണ് മലപ്പുറത്ത് നിന്ന് മാരുതിയുടെ ജിമ്നിയിൽ ഷമീം യാത്ര ആരംഭിച്ചത്. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ചണ്ഡീഗഡ് വഴിയാണ് ഹിമാചൽ പ്രദേശിലെ മഞ്ഞിന്റെ താഴ്‌വാരമായ സ്പിതി വാലിയിൽ എത്തിചേർന്നത്. തുടർന്ന് ഷിംല വഴി മണാലിയിൽ യാത്ര പൂർത്തിയാക്കി. 28ന് സ്വന്തം നാടായ കല്പകഞ്ചേരിയിൽ എത്തിച്ചേർന്നു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ആഷികും യാത്രയിൽ കൂടെ ഉണ്ടായിരുന്നു. ഈ സഹസിക യാത്രയിൽ കേരളത്തിൽ നിന്നും 10 വാഹനങ്ങളിൽ 20 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 84 വാഹനങ്ങളിൽ 190 പേരുമാണ് യാത്രയിൽ പങ്കെടുത്തത്. ഹിമാചൽ പ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൗണ്ടൈൻ ഗോഡ്സ് എന്നെ സാഹസിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു യാത്ര.
കെ.എൽ.ടെൻ ഓഫ് റോഡ് ക്ലബ്ബ് മെമ്പർ കൂടിയാണ് ഷമീം. കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുല്ലത്തീഫിന്റെ ബിസിനസ് മാനേജർ ആണ് ഷമീം. നാട്ടിൽ തിരിച്ചെത്തിയ ഷമീമിന് അദ്ദേഹം സ്വീകരണം നൽകി. അതവനാട് ഗ്രാമപഞ്ചായത്ത് അംഗം എം.കെ സക്കറിയ ഉപഹാരം സമ്മാനിച്ചു. എം.ടി റസാഖ്, സിപി മുഹമ്മദ് ഹനീഫ, മുഹമ്മദ് ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.