റിപ്പോർട്ട്: അനിൽ വളവന്നൂർ
കൽപകഞ്ചേരി: ജീവകാരുണ്യ പ്രവർത്തന മേഖലക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്കും എ.പി. അസ്‌ലം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. രണ്ടുദിവസങ്ങളിലായി വളവന്നൂർ അൻസാർ കാമ്പസിൽ നടക്കുന്ന എ.പി. അസ്‌ലം ഹോളി ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
ഖുർആൻ പാരായണ മത്സരം ഇത്ര സമ്പന്നമായ രീതിയിൽ നടത്താൻ തീരുമാനിച്ചത് അദ്ദേഹത്തോടുള്ള വലിയ കടപ്പാടും സ്നേഹവുവാണ് കുടുംബം കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. മൗലവി അബ്ദുസ്സലാം മോങ്ങം ആമുഖപ്രഭാഷണം നടത്തി. പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ഡോ. ജമാലുദ്ദീൻ ഫാറൂഖി, പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, മുഫ്തി മുഹമ്മദ് മുസമ്മിൽ, പി കെ ജമാൽ, മുസ്തഫ തൻവീർ, എം.എം അക്ബർ എന്നിവർ സംസാരിച്ചു.
24 ന് രാവിലെ 7 മുതൽ എ.പി അസ്‌ലം ഹോളി ഖുർ ആൻ അവാർഡ് ഫൈനൽ മത്സരം ആരംഭിക്കും. കണ്ണൂർ, മഞ്ചേരി, എറണാകുളം, കൊല്ലം, ദുബായ്, റിയാദ് എന്നിവിടങ്ങളിൽ നടന്ന സോണൽ മത്സരങ്ങളിൽ വിജയിച്ച 17 പേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്.
25 ലക്ഷം രൂപ യുടെ ക്യാഷ് പ്രൈസാണ് നൽകുന്നത്. ഫൈനലിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്ന യാൾക്ക് അഞ്ചുലക്ഷവും ലഭിക്കും. മറ്റു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ക്യാഷ് പ്രൈസ് നൽകും. 24ന് വൈകുന്നേരം 4.30 ന് നടക്കുന്ന അവാർഡ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാവും.