കോഴിക്കോട്: പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി
എം.ടി വാസുദേവൻ നായരെ സന്ദർശിച്ചു.
വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം എം.ടി യുമായി സംസാരിച്ചു.
എം.ടിയുടെ ജന്മദേശമായ കൂടല്ലൂരിൽ തിരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് പോയപ്പോഴുണ്ടായ അനുഭവം സമദാനി എം.ടിയുമായി പങ്കു വെച്ചു. തൻ്റെ ഗ്രാമത്തിൽ നിളാ നദിയുടെ തീരത്തുള്ള എം.ടിയുടെ ഭവനത്തിനടുത്ത് ചേർന്ന സൗഹൃദ സംഗമത്തെക്കുറിച്ചെല്ലാം അദ്ദേഹം സൂചിപ്പിച്ചു. താല്പര്യപൂർവ്വം എല്ലാം കേൾക്കുകയും അന്വേഷിക്കുകയും ചെയ്ത എം.ടി ആറേഴു മാസം മുമ്പ് അവിടെ പോയിവന്ന കാര്യവും അനുസ്മരിച്ചു. ദീർഘകാലമായി ഉപയോഗിക്കാത്തതിനെ തുടർന്ന് അവിടെയെല്ലാം പൊടിപിടിച്ച് കിടക്കുകയായിരുന്നു. പിന്നീട് അവിടെയെല്ലാം വൃത്തിയാക്കി ഉപയോഗ്യമാക്കിയെന്നും എം.ടി പറഞ്ഞു. ഇടക്ക് കോഴിക്കോട് നിന്നും അവിടെ പോയി പാർത്ത് കൂടെ എന്ന സമദാനിയുടെ ചോദ്യത്തിന് അത് താല്പര്യമുള്ള കാര്യമാണെന്നും പക്ഷേ ഇപ്പോൾ ഇവിടെ സ്ഥിരതാമസമാക്കിയതിനാൽ മാറി പാർക്കുന്നതിലെ അസൗകര്യം മാത്രമാണ് തടസ്സമെന്നും എം.ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എംടി എല്ലാം നന്നായി വരട്ടെ എന്ന് പ്രാർഥനാപൂർവ്വം ആശംസിച്ച് വിജയാശംസകൾ നേർന്നാണ് സമദാനിയെ തിരിച്ചയച്ചത്.