കൽപകഞ്ചേരി: ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്നേഹ നിരാസമാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവും സന്മാര്‍ഗീകവുമായ കഴിവുകളുടെ വികാസത്തെ മനഃപൂര്‍വം ലക്ഷ്യമാക്കി പാകതവന്ന ഒരു വ്യക്തി, കുട്ടികളുടെ മേല്‍ ബോധനത്തില്‍ കൂടി ചെലുത്തുന്ന ക്രമാനുഗതമായ പ്രേരണയാണ് അധ്യാപനമെന്നും അതിന് ക്ലാസ് റൂമുകളിൽ സ്നേഹത്തിൻ്റെ അരുവി നിർമ്മിക്കാൻ അധ്യാപകർക്ക് കഴിയണമെന്നും ബാഫഖി യത്തീംഖാന അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ബാഫഖി യത്തീംഖാന ബി.എഡ് കോളേജിൽ നാലുദിവസം നീണ്ടു നിന്ന സഹവാസ ക്യാമ്പിൻ്റെ സമാപന സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താനും അത് ഊതി ജ്വലിപ്പിക്കുവാനും സാധിക്കുന്നവനാണ് യഥാര്‍ത്ഥ അധ്യാപകന്‍. ജീവിതത്തെ ഉള്‍ക്കാഴ്ചയോടും ദീര്‍ഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ പ്രേരിപ്പിക്കുന്നതാകണം അധ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ സൈനുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. ഫാഹിസ സ്വാഗതവും ഹസ്ന നന്ദിയും പറഞ്ഞു.