എടപ്പാൾ: കക്കിടിപ്പുറത്ത് ബൈക്കിൽനിന്ന് പെട്രോൾ മോഷ്ടിച്ച സംഭവത്തിൽ യുവാവും കാമുകിയും പിടിയിൽ. കക്കിടിപ്പുറം സ്വദേശി അനീഷ് കുമാർ (21), കാമുകി രഹ്ന (19) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ടോയ്സ് കമ്പനിക്കു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് ഒമ്പത് ലിറ്റർ പെട്രോൾ മോഷണം പോയിരുന്നു. ബൈക്കുടമ സി.സി.ടി.വി ദൃശ്യം സഹിതം നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലായത്. ചങ്ങരംകുളത്ത് മുമ്പ് നടന്ന മോഷണക്കേസിലും തൃത്താലയിൽ ബൈക്ക് മോഷ്ടിച്ച കേസിലും ഇവർ പ്രതികളാണ്. പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.