കൽപകഞ്ചേരി: കൽപകഞ്ചേരി കാവുംപടിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. വളവന്നൂർ മാട്ടുപുറം ജുമാമസ്ജിദിലെ മതപഠന വിദ്യാർത്ഥിയും കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ സഹൽ (10) ആണ് കോഴിക്കോട് മെഡിക്കൽ
കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
മരണപ്പെട്ടത്. മഞ്ചേരി പയ്യനാട് കാരേപറമ്പ് കടൂപാലി വീട്ടിൽ അബ്ദുസലാമിൻ്റെയും ആസ്യയുടേയും മകനായ സഹൽ ഒരു വർഷം മുമ്പാണ് മതപഠനത്തിനായി മാട്ടുപ്പുറം ജുമാ മസ്ജിദിൽ എത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡരികിലൂടെ നടന്നു പോകുമ്പോൾ പിറകിൽ വന്ന് മിനിപിക്കപ്പ് ലോറി ഇടിച്ചത്. ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: മുഹമ്മദ് സഹീദ്,
സിറാജുദ്ദീൻ, സഹറുദ്ദീൻ,
ഫാത്തിമ ഹനിയ, സുഹൈൽ , ഹയാ ഫാത്തിമ. സഹലിൻ്റെ ആകസ്മിക നിര്യാണത്തിൽ ദുഃഖസൂചകമായി സ്കൂളിന് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.