കൽപകഞ്ചേരി: ചെറിയമുണ്ടം വില്ലേജ് ഓഫീസിന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ 55 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ചെറിയ കെട്ടിടത്തിലാണ് ഓഫീസ് നിലനിൽക്കുന്നത്. ബ്രിട്ടീഷുകാർ നിർമ്മിച്ച പഴക്കം ചെന്ന ഒരു കെട്ടിടത്തിലായിരുന്നു ആദ്യം ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ കെട്ടിടം പൂർണമായും നാശത്തിൻ്റെ വക്കിലാണ്. ഇതിനടുത്തായി പണിത ചെറിയ കെട്ടിടമാണ് ഇപ്പോൾ ഓഫീസായി പ്രവർത്തിക്കുന്നത്. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ചെറിയമുണ്ടത്തെ ബംഗ്ലാം കുന്ന്. റവന്യൂ വകുപ്പിൻ്റെ കീഴിലാണ് ഇപ്പോൾ ഈ പ്രദേശം. ഇവിടെ അതിമനോഹരമായ രൂപരേഖയുണ്ടാക്കി കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.