റിപ്പോർട്ട്: അനിൽ വളവന്നൂർ
കൽപകഞ്ചേരി: കൽപകഞ്ചേരി ജി.എൽ.പി സ്കൂളിൽ അധ്യാപകരും കുട്ടികളും എത്തുന്നതിനു മുൻപേ ആദ്യം സ്കൂളിൽ എത്തുന്നത് മഞ്ഞച്ചോല സ്വദേശിയായ നബീസ താത്തയാണ്. പതിവുപോലെ രാവിലെ നേരത്തെ മകൻ മുഹമ്മദ് നിഷാദിനോടെപ്പം സ്കൂട്ടറിൽ സ്കൂളിലേക്കുള്ള യാത്ര അവസാന യാത്രയാകുമെന്ന് ഒരിക്കലും നബീസ കരുതിയിട്ടുണ്ടാവില്ല. വീട്ടിൽ നിന്നിറങ്ങി മീറ്ററുകളോളം മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തെങ്കിലും കൽപകഞ്ചേരി അങ്ങാടി താഴെ ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ടു വന്ന ലോറി ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചു വീണ നബീസയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ആരോടും ഒരു പരിഭവവും പരാതിയും പറയാതെ ചെറുപുഞ്ചിരിയോടെ 32 വർഷമാണ് ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് തൻ്റെ കൈകൊണ്ട് ഭക്ഷണം പാകം ചെയ്ത് നൽകിയിരുന്നത്. നബീസയെ സ്കൂളിലെ ഒരു പാചകക്കാരിയായല്ല കണ്ടിട്ടുള്ളത് പകരം ഞങ്ങളുടെയൊക്കെ ഒരു മാതാവിന്റെ സ്ഥാനമാണ് നൽകിയിരുന്നത് എന്ന് അധ്യാപകർ വിതുമ്പലോടെ പറഞ്ഞു. അതുകൊണ്ടുതന്നെ പാചക തൊഴിലിനപ്പുറം സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും നബീസ ശ്രദ്ധ പുലർത്തിയിരുന്നു. ഇത്രകാലമായിട്ടും അധ്യാപകരായാലും വിദ്യാർത്ഥികളായാലും നബീസ താത്തയെ കുറിച്ച് ഒരു പരാതിയും പരിഭവവും പറഞ്ഞിട്ടില്ലെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ സ്കൂളും പരിസരവും സങ്കട കടലായി മാറി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് നിറകണ്ണീരുകളോടെ സ്കൂളിൽ എത്തിയത്.
തുടർന്ന് മഞ്ഞച്ചോല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.