കൽപകഞ്ചേരി: റോഡരികിലെ സ്ലാബിനുള്ളിൽ കാലു കുടുങ്ങിയ വയോധികന് രക്ഷകരായി തിരൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. കടുങ്ങാത്തുകുണ്ട് പാറമ്മൽ അങ്ങാടിക്ക് സമീപം ജപ്പാൻ പടിയിലാണ് റോഡരികിലെ അഴുക്കു ചാലിന് മുകളിൽ സ്ഥാപിച്ച സ്ലാബുകൾക്കിടയിൽ കാല് കുടുങ്ങിയ ഉമ്മിണിയാട്ടിൽ കുഞ്ഞി മൂസാജിയെ തിരൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിച്ചത്.
ഞായറാഴ്ച രാത്രി 8:30 നാണ് സംഭവം. പള്ളിയിലേക്ക് നമസ്കാരത്തിനായി നടന്നു പോകുന്നതിനിടെയാണ് അബദ്ധത്തിൽ കുഞ്ഞി മൂസാഹാജിയുടെ ഇടത്തെകാൽ സ്ലാബുകൾക്കിടയിൽ കുടുങ്ങിയത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് തിരൂർ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ സ്ലാബ് ഡ്രിൽ ചെയ്ത് പൊട്ടിച്ചെടുത്തതിനുശേഷം ആണ് കുഞ്ഞിമൂസ ഹാജിയെ രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ലിൻസി കുമാർ, അബ്ദുൽ കരീം, കെ.ടി ജയേഷ്, കിരൺ, അബ്ദുൽ സമദ്, സുരേശൻ എന്നിവ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.