കൽപകഞ്ചേരി: ഇരു വൃക്കകളും തകരാറിലായ സുഹറാബിയെ സഹായിക്കാന്‍ ബിരിയാണി ചലഞ്ചുമായി ഒരു നാട്. വളവന്നൂർ വരമ്പനാലയ്ക്ക് സമീപം ചെറവന്നൂർ എന്ന ഗ്രാമത്തിൽ നിന്നാണ് ഈ നന്മ നിറഞ്ഞ വാര്‍ത്ത. പൊറ്റയിൽ അബ്ദുൽ ഹക്കീമിന്റെ ഭാര്യ സുഹറബി (32) യുടെയാണ് ഇരുവൃക്കകളും തകരാറിലായിരിക്കുന്നത്. രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹറാബിക്ക് സഹോദരിയാണ് വൃക്ക നൽകുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് വലിയ തുക ആവശ്യമായതോടെയാണ് മത രാഷ്ട്രീയ സംഘടനാ വേര്‍തിരിവ് ഇല്ലാതെ നാട്ടുകാർ ഈ കാരുണ്യ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ന്യൂ ജി.എസ്.എസ് ചെറവന്നൂരിന്റെ നേതൃത്വത്തിലാണ് വരമ്പനാലയിൽ വച്ച് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. വിവിധ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ചലഞ്ചിന്റെ ഭാഗമായി. ഇതിലൂടെ സമാഹരിക്കുന്ന തുക സുഹറാബി ചികിത്സ സഹായ സമിതിക്ക് കൈമാറും. സലിം മയ്യേരി, എ.പി ഇസ്മയിൽ, മുഹമ്മദ് കുട്ടി നീർകാട്ടിൽ, സമദ് ഡി.എം.സി, ഫാസിൽ, അഷ്‌കറലി
പി.സി കബീർ ബാബു, എം.സി സമീർ തുടങ്ങിയവർ നേതൃത്വം നൽകി.