തവനൂർ: തവനൂർ വെള്ളാഞ്ചേരിയിലെ പുരാതന ജല സ്രോതസ്സായ പടുവാത്താഴം കുളം നവീകരിച്ച് നീന്തൽ കുളമാക്കുന്നതിന് ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി 50 ലക്ഷം രൂപ അനുവദിച്ചു. ഈ കുളം നവീകരിച്ച് പൊതു ജനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നത് വെള്ളാഞ്ചേരിക്കാരുടെ ചിര കാല അഭിലാഷമായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിലാണ് തുക വകയിരുത്തിയത്. നിരവധി സാങ്കേതിക പ്രശ്നങ്ങൾ മൂലം വളരെക്കാലമായി ഇവിടേക്ക് സർക്കാർ തലത്തിൽ ഫണ്ട് അനുവദിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പഴയ കാലത്ത് കാർഷിക ആവശ്യങ്ങൾക്കായി ജല സേചനത്തിനും കുളിക്കുന്നതിനുമെല്ലാം ഉപയോഗിച്ചിരുന്ന കുളം പൊന്തക്കാടുകൾ വളർന്ന് ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയായിരുന്നു.
കടകശ്ശേരി വെള്ളാഞ്ചേരി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വിശാലമായ കുളം നവീകരിക്കുന്നതോടെ പഞ്ചായത്തിലെ കുട്ടികൾക്ക് നീന്തൽ പഠിക്കാനും പൊതുജനങ്ങൾക്ക് നീന്തൽ വ്യായാമത്തിനും ഉപയോഗപ്പെടുത്താൻ കഴിയും. റോഡരികിൽ നിന്ന് നേരിട്ട് കുളത്തിലേക്ക് ഇറങ്ങാൻ കഴിയുന്ന വിധത്തിൽ സ്റ്റീൽ ഫെൻസിങ്ങോട് കൂടിയ കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ചും മണ്ണ് നീക്കി കൂടുതൽ വെള്ളം സംഭരിക്കാൻ കഴിയും വിധത്തിലുമാണ് കുളം നവീകരിക്കുന്നത്. സർക്കാർ അക്രെഡിറ്റെഡ് ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. പ്രവർത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി കെൽ പ്രതിനിധികൾ പദ്ധതി പ്രദേശം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, വാർഡ് മെമ്പർ പത്മജ, ഹമീദ് വി. കെ, സഹീർ. കെ,സുലൈമാൻ മുസ്‌ലിയാർ, റസാഖ്. ഇ. വി, വി. പി. രാജേഷ്, സിദ്ധീഖ് ടി. പി, അശോകൻ, ഷാഹുൽ ഹമീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു