തിരൂർ: വെറ്റില കർഷകരുടെ ഉൽപാദന വിളവെടുപ്പ് വിപണന മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും വെറ്റില കർഷകരെ നേരിൽ കണ്ട് സർവ്വേകൾ നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന അഗ്രികൾച്ചറൽ പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ മച്ചിങ്ങപാറ തിരൂർ വെറ്റില ഉത്പാദക കമ്പനി ഓഫീസിൽ എത്തി കർഷകരമായി സംവദിച്ചു.
വെറ്റില കർഷകരുടെ പ്രധാന പ്രശ്നങ്ങളും ഉത്പാദന മേഖലകളിലെ ചിലവുകളും വിളവെടുപ്പ് രംഗത്തെ പ്രശ്നങ്ങളും വിപണന രംഗത്തെ പ്രശ്നങ്ങളും ചെയർമാൻ മുത്താണിക്കാട്ട് അബ്ദുൽ ജലീൽ യോഗത്തിൽ വിശദീകരിച്ചു. ഇന്ത്യക്കകത്തും വിദേശരാജ്യങ്ങളിലുമുള്ള വെറ്റില മാർക്കറ്റിൽ കമ്പനിക്കും അവസരം ഉണ്ടാക്കി തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം പഠിച്ച് റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുന്നതാണെന്നും തുടർനടപടികൾ ഉണ്ടാകുന്നതാണെന്നും കൃഷിമന്ത്രി നേരിട്ട് തന്നെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയതാണെന്നും ഡോ. രാജശേഖരൻ അറിയിച്ചു. മലപ്പുറം ആത്മ പ്രോജക്ട് ഡയറക്ടർ രശ്മി, ആത്മ ജില്ലാ പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ ലത, നോഡൽ ഓഫീസർ ബാബു ഷക്കീർ, വൈസ് ചെയർമാൻ അശോക് കുമാർ, നോഡൽ ഓഫീസർ ബാബു ഷക്കീർ, കമ്പനി ഡയറക്ടർ അനൂപ് കുന്നത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.