കൽപകഞ്ചേരി: വീട്ടില്‍ നമ്മള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പഴകിയാല്‍ എന്ത് ചെയ്യും. പലരും അത് വലിച്ചെറിയും. എന്നാല്‍ ഇവ നിധി പോലെ സൂക്ഷിച്ചുവച്ച്
വലിയ ശേഖരമാക്കി മാറ്റിയിരിക്കുകയാണ് വളവന്നൂർ സ്വദേശി ചാത്തേരി അബ്ദുൽ ഗഫൂർ. പഴയ കാമറ, വീട്ടുകാര്‍ ഉപയോഗിച്ച വാച്ചുകള്‍, അരഞ്ഞാണം, കോളാമ്പി, നാണയങ്ങള്‍, വിദേശ കറൻസികൾ, റേഡിയോ, ചിമ്മിണി വിളക്ക്, വിവിധതരം പാത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് അബ്ദുൽ ഗഫൂറിന്റെ ശേഖരത്തിലുളളത്. പുതുതല മുറക്ക് ഒട്ടും പരിജയമില്ലാത്ത ഈ അപൂർവ്വ ശേഖരം കാണുന്നവർക്കും ഒരു അത്ഭുത കാഴ്ചയാണ്. ആദ്യം ഒരു കൗതുകത്തോടെ തുടങ്ങിയ ശേഖരണമാണെങ്കിലും ഇന്ന് വീട്ടിലെ ഒരു മുറി തന്നെ ഇതിനായി മാറ്റിവെച്ചിരിക്കുകയാണ് അബ്ദുൽ ഗഫൂർ. ചെറുപ്പം മുതലേ ഏതൊരു വസ്തുക്കളും സൂക്ഷിച്ചു വയ്ക്കുന്ന അബ്ദുൽ ഗഫൂർ പല സ്ഥലങ്ങളിലും പാഴ് വസ്ഥുക്കളായി നമ്മൾ വലിച്ചെറിയുന്നവ ശേഖരിച്ചാണ് ഇത്രയും വലിയ ഒരു ശേഖരം വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പലരും ഇത് കാണുന്നതിനായി വീട്ടിലേക്കും വരാറുണ്ട്. പുതു തലമുറയിലെ കുട്ടികൾക്ക് വേണ്ടി പ്രദർശനം സംഘടിപ്പിക്കാനാണ് അബ്ദുൽ ഗഫൂറിന്റെ ആഗ്രഹം. ഏറെക്കാലം പ്രവാസിയായിരുന്ന അബ്ദുൽ ഗഫൂർ കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ഇത്തരത്തിൽ ഒരു പുരാവസ്തു ശേഖരത്തിലേക്ക് എത്തിയത്. വീട്ടുകാരുടെ പൂർണ്ണ പിന്തുണയും ലഭിച്ചു. എല്ലാവീട്ടിലും ഇത്തരം ശേഖരങ്ങള്‍ വേണമെന്നാണ് അബ്ദുൽ ഗഫൂറിൻ്റെ അഭിപ്രായം. ഭാര്യ ആബിദ. മക്കൾ റബീഹ്, റയ്യാൻ, റൈസ അടങ്ങുന്നതാണ് അബ്ദുൽ ഗഫൂറിന്റെ കുടുംബം.