കൽപകഞ്ചേരി: വർഷംതോറും നടത്തിവരാറുള്ള രണ്ടത്താണി കരിനിരപ്പ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി.ഗണപതി ഹോമം, ഉച്ചപൂജ, താലപ്പൊലി എഴുന്നള്ളത്ത്, അത്താഴപൂജ, തായമ്പക എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം കോമരം മണ്ഡലത്ത് മോഹനൻ കാർമികത്വം വഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടന്ന സമൂഹസദ്യയിൽ നിരവധി പേർ പങ്കെടുത്തു.കുണ്ടൻ പിടാവ്, ഉമ്മർപ്പടി എന്നീ വരവാഘോഷ കമ്മിറ്റികളുടെ കൊടിവരവുകൾ ക്ഷേത്രാങ്കണത്തെ ഭക്തി മുഖരിതമാക്കി. തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു.