തിരൂർ: നാടിൻ്റെ നന്മ ഉയർത്തിപ്പിടിച്ച് പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ സർക്കാറുകൾ മുന്നോട്ട് വരണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി തിരൂരിൽ പറഞ്ഞു. മലപ്പുറം ജില്ലയിലെ കേരള ജേർണലിസ്റ്റ് യൂണിയൻ ( KJU) അംഗങ്ങൾക്കുള്ള ഐ .ഡി കാർഡും, വെഹിക്കൽ സ്റ്റിക്കർ വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലക്കെതിരെയും കേരള സംസ്ഥാനത്തിനെതിരെയും
അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചുള്ള ചില കടന്നാക്രമണങ്ങളെ
നമ്മുടെ നാടിൻ്റെ സാംസ്കാരിക പൈതൃകവും നന്മയും ഉയർത്തി കാണിച്ച് ചെറുത്ത് തോൽപ്പിച്ചതിൽ പ്രധാനികൾ മാധ്യമപ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
തിരൂരിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബഷീർ പുത്തൻവീട്ടിലിന് തിരിച്ചറിയൽ കാർഡ് നൽകി ഡോ.സമദാനി ഉദ്ഘാടനം നിർവഹിച്ചു. മികച്ച മാധ്യമപ്രവർത്തകനുള്ള യു. ഭരതൻ പുരസ്കാരം നേടിയ കെ.ജെ.യു ജില്ലാ ട്രഷറർ കൂടിയായ പ്രമേഷ് കൃഷ്ണക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സമദാനി അദ്ദേഹത്തിന് കൈമാറി. ജില്ലാ പ്രസിഡൻ്റ് വി.കെ. റഷീദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ. പി.ഷെഫീഖ്, കോഡിനേറ്റർ പി.കെ.രതീഷ്, ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. സഹദേവൻ, ട്രഷറർ പ്രമേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.