റിപ്പോർട്ട്: സി.വി.ഒ നാസർ
താനൂർ: ലോകത്തെമ്ബാടുമുള്ള മലയാളികള്‍ ഭാഷാപിതാവ് തുഞ്ചത്തെഴുച്ഛനെ താനൂരിലെ പന്തക്കല്‍ അബൂബക്കർ മാഷ് വരച്ച ചിത്രത്തിലൂടെ കാണാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് തികയുന്നു. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയില്‍ ജീവിച്ചതായി കണക്കാക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ രൂപം മലയാളികളുടെ മനസ്സിലേക്ക് നിറച്ചാർത്തോടെ പകർന്നുനല്‍കിയത് അമ്ബതാണ്ടുകള്‍ക്ക് മുമ്ബ് അന്നത്തെ 21കാരനായ അറബിക് അധ്യാപകനായിരുന്നുവെന്നയുന്നവർ വിരളമായിരിക്കും.
താനൂർ പരിയാപുരം ജി.എല്‍.പി സ്കൂളില്‍ അറബിക് അധ്യാപകനായിരിക്കവെയാണ് ഭാഷാപിതാവിന്റെ ചിത്രം വരക്കാനുള്ള ചരിത്ര നിയോഗം അബൂബക്കറിനെ തേടിയെത്തുന്നത്. സഹഅധ്യാപകരുടെ മിഴിവാർന്ന ചിത്രങ്ങള്‍ വരച്ചുകൊടുത്തിരുന്നത് ശ്രദ്ധയില്‍പ്പെട്ട സ്കൂളിലെ പി.ടി.എ പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായിരുന്ന ആട്ടീരി മനക്കല്‍ വാസുദേവൻ നമ്ബൂതിരിയാണ് തന്റെ ഇല്ലത്ത് സൂക്ഷിച്ചിരുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ഒരു ചെറിയ ചിത്രം നല്‍കി അതില്‍നിന്നും ഒരു മനോഹര വർണച്ചിത്രം സൃഷ്ടിക്കാനുള്ള ഉദ്യമം അബൂബക്കറിനെ ഏല്‍പ്പിക്കുന്നത്. വാസുദേവൻ നമ്ബൂതിരിയെ ഏല്‍പ്പിച്ച ചിത്രം പിന്നീട് 1984 ജനുവരിയില്‍ ടി.എൻ. ജയചന്ദ്രൻ പ്രസിഡൻറായ തുഞ്ചൻ സ്മാരക മാനേജ്മെൻറ് കമ്മിറ്റി ഏറ്റെടുക്കുകയും ‘തുഞ്ചത്തെഴുത്തച്ഛൻ: പി.എ. ബക്കർ താനൂർ വരച്ചത്’ അടിക്കുറിപ്പോടെ ബഹുവർണ ആശംസ കാർഡാക്കി വില്‍പന നടത്തുകയുമായിരുന്നു. പതിനായിരക്കണക്കിനാളുകള്‍ വാങ്ങിയ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം തുഞ്ചൻ സ്മാരക ട്രസ്റ്റ് രൂപവത്കരിച്ച ശേഷമാണ് പിൻവലിച്ചത്. താൻ വരച്ച ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോഴും പന്തക്കല്‍ അബൂബക്കർ വിസ്മൃതിയിലായിപ്പോയ വേളയിലാണ് ഒരുകൂട്ടം ചരിത്ര സ്നേഹികള്‍ അദ്ദേഹത്തിന് ആദരവുമായെത്തുന്നത്.
തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ചുള്ള ആദ്യ നോവലിന്റെ രചയിതാവും ഓറല്‍ ഹിസ്റ്ററി റിസർച് ഫൗണ്ടേഷൻ ഡയറക്ടറുമായ തിരൂർ ദിനേശ് എഴുത്തച്ഛൻ ചിത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി വീട്ടിലെത്തി ആദരിക്കുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവർത്തകൻ പുന്നോക്കില്‍ പ്രേമനാഥന്റെ സഹായത്തോടെയാണ് താനൂർ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന മാഷിന്റെ വീട് കണ്ടെത്തിയത്. തിരൂരങ്ങാടി ഗവ. എച്ച്.എസ്.എസില്‍ ഹയർ സെക്കൻഡറി അറബിക് അധ്യാപകനായി വിരമിച്ച അബൂബക്കർ ചിത്രരചനക്ക് പുറമെ ഗണിത ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും മികവു തെളിയിച്ചിട്ടുണ്ട്. ഗോളശാസ്ത്ര സംബന്ധിയായ ക്ലാസുകളെടുക്കാറുള്ള ഇദ്ദേഹം പ്രായോഗിക ഗോളശാസ്ത്രം എന്ന പേരില്‍ സാധാരണക്കാർക്ക് കൂടി മനസ്സിലാക്കാനുതകുന്ന ഗ്രന്ഥത്തിന്റെ രചനയും നിർവഹിച്ചിട്ടുണ്ട്.