കൽപകഞ്ചേരി: മകൻ്റെ വിവാഹ തലേന്ന് ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റ പിതാവ് വിവാഹ ദിവസം മരണപ്പെട്ടു, മൃതദേഹം കണ്ടു മടങ്ങിയ അയൽവാസിയും ബൈക്ക് ഇടിച്ച് മരണപ്പെട്ടു. വളവന്നൂർ കുറുക്കോളിലാണ് കുടുംബത്തെയും നാടിനെയും കണ്ണീരിലാക്കിയ രണ്ടു മരണങ്ങൾ നടന്നത്. കുറുക്കോൾ സ്വദേശികളായ നെട്ടൻ ചോല അബ്ദുസ്സലാം (65), അയൽവാസി പൊട്ടച്ചോല ഹംസ (73) എന്നിവരാണ് മരണപ്പെട്ടത്. അബ്ദുസ്സലാമിന്റെ മകൻ ഷംസാദിൻ്റെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കെ തലേദിവസം ഒരുക്കങ്ങൾ നടത്തുന്നതിനിടെ വൈകുന്നേരം 7 മണിക്ക് കുറുക്കോളിൽ വച്ച് റോഡ് മുറിച്ചുകിടക്കുന്നതിനിടെ ഓട്ടോറിക്ഷ വന്ന് ഇടിക്കുകയായിരുന്നു. ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷംനാദ്, ഷംസാദ്, ഷംസിയ, ഷമീന. മരുമക്കൾ: ഹുസൈൻ, ഗഫൂർ. ഞായറാഴ്ച അബ്ദുസലാമിന്റെ മൃതദേഹം കണ്ടു മടങ്ങിയ അയൽവാസിയായ ഹംസ റോഡ് മുറിച്ചുകിടക്കുന്നതിനിടെ കടുങ്ങാത്തുകുണ്ട് ഭാഗത്തുനിന്നും കുറുക്കോളിലേക്ക് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ കരീം (ദുബൈ), നസീറ. മരുമകൻ: അബ്ദുൽ ഗഫൂർ (തിരൂർ).