കൽപകഞ്ചേരി: കന്മനത്ത് ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. കന്മനം ചെനപ്പുറം സ്വദേശി വലിയ പീടിയേക്കൽ മുഹ്സിനെയാണ് (25) ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലിം അറസ്റ്റ് ചെയ്തത്. 2024 ഒക്ടോബർ 31നാണ് രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ വീട്ടുകാരുടെ പരാതിയിൽ കൽപകഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് പ്രതി യുവതിയുമായി സൗഹൃദത്തിൽ ആവുന്നത്. പിന്നീട് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന പ്രതിയുടെ സംശയം വൈരാഗ്യത്തിന് ഇടയാക്കി. തുടർന്ന് പ്രതിയുടെ മൊബൈൽ ഫോണിലുള്ള യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പിന്നീട് യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ മുഹ്സിനെ കസ്റ്റഡിയിൽ എടുക്കുകയും മൊബൈൽ ഫോൺ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ യുവതിക്കയച്ച വാട്സപ്പ് സന്ദേശങ്ങൾ പോലീസിന് തെളിവായി ലഭിച്ചു.
പ്രതിക്ക് വേറെയും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എസ്.ഐ വി. ധർമ്മരാജൻ, എ.എസ്.ഐ മണികണ്ഠൻ, സി.പി.ഒ ജംഷാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.