തിരൂർ. നിർമ്മാണം പൂർത്തിയായി 5 വർഷം കഴിഞ്ഞപ്പോഴേക്കും അപകടാവസ്ഥയിലായി അടച്ചിടേണ്ടി വന്ന പെരുന്തിരുത്തി വാടിക്കടവ് തൂക്കുപാലം അറ്റകുറ്റപ്പണികൾ ചെയ്ത് പരിഹരിക്കാൻ പോലും കഴിയാത്ത വിധം തകർന്നു പോയതിനാൽ പുതിയ തൂക്കുപാലം നിർമ്മിച്ച് ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് വെൽഫയർ പാർട്ടി മംഗലം പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പെരുന്തിരുത്തി പ്രദേശത്തുള്ളവർക്ക് കൂട്ടായി, പറവണ്ണ ഹൈസ്കൂളുകൾ, തുഞ്ചൻ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കുടുംബരോഗ്യ കേന്ദ്രത്തിലേക്കും അതേ പോലെ വാടിക്കൽ ഭാഗത്തുള്ളവർക്ക് വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും മത്സ്യക്കച്ചവടക്കാർക്ക് ഇക്കരെ എത്താനും എളുപ്പ മാർഗ്ഗമായിരുന്നു ഈ തൂക്കുപാലം.
അത് മാത്രമല്ല രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള സൗഹൃദം നിലനിർത്തുവാനും ഈ തൂക്കുപാലം വളരേ ഉപകാരപ്രദമായിരുന്നു.
വളരെ ആവേശത്തോടെയാണ് ജനങ്ങൾ ഈ യാത്രാ സൗകര്യത്തെ എതിരേറ്റത്.
എന്നാൽ നിർമാണത്തിലെ പാകപ്പിഴവ് മൂലം അധികം താമസിയാതെ തൂക്കുപാലത്തിനുപയോഗിച്ച ഇരുമ്പ് ദ്രവിക്കുകയും പാലം അപകടവസ്ഥയിലാവുകയും പാലം അടക്കുകയും ചെയ്തു.
ലക്ഷങ്ങൾ ചെലവഴിച്ച ഈ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും,
ഗുണനിലവാരമില്ലാത്ത മെറ്റീരിയൽ ഉപയോഗിച്ചതാണ് വളരെ പെട്ടെന്ന് തന്നെ പാലം ദ്രവിക്കാൻ കാരണമായതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു.
വികസനപ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കുക എന്നതിനപ്പുറം അതിന്റെ ഉപകാരം ജനങ്ങൾക്ക് ലഭ്യമാകണം എന്ന സദുദ്ദേശം ഇല്ലാത്ത മണ്ഡലം MLA യുടെ സ്വാർത്ഥ താല്പര്യമാണ് മണ്ഡലത്തിലെ വികസന പദ്ധതികൾ ഉദ്ദേശിച്ചത് പോലെ വിജയിക്കാത്തതെന്നും അതിന്റെ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് ഈ പദ്ധതിയെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
തൂക്കുപാലം പുനർനിർമ്മിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ടു പോകുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നേതാക്കൾ പറഞ്ഞു.
മീറ്റിംഗിൽ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ നെല്ലേപ്പാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഹൂഫ് തണ്ടാശ്ശേരി, പഞ്ചായത്ത് ട്രഷറർ ഫസലുറഹ്‌മാൻ മംഗലം,
വൈസ് പ്രസിഡന്റ് ഷാജഹാൻ തയാട്ടിൽ എന്നിവർ സംസാരിച്ചു.