തിരുന്നാവായ: വലിയ പറപ്പൂർ ജി.എം.എൽ.പി സ്കൂളിന് 2025-26 അധ്യയനവർഷത്തിൽ അസുലഭ മുഹൂർത്തം. ഒരു വിദ്യാലയത്തിലെ രണ്ട് അധ്യാപകർ ഒരേ ക്ലാസ്സിലെ വ്യത്യസ്ത വിഷയങ്ങളുടെ പാഠപുസ്തകരചന സമിതിയിൽ അംഗങ്ങളായി എന്നതിൽ അഭിമാനിക്കുകയാണ് ഈ വിദ്യാലയം. രണ്ടാം ക്ലാസ് ഭാഷ പാഠപുസ്തകം, പ്രവർത്തന പുസ്തകം, അധ്യാപക സഹായി എന്നിവയുടെ നിർമ്മാണത്തിൽ പ്രജിത.കെയും ഇതേ ക്ലാസ്സിൽ ഇംഗ്ലീഷ് പാഠപുസ്തകം, പ്രവർത്തന പുസ്തകം, അധ്യാപക സഹായി എന്നിവയുടെ നിർമ്മാണത്തിൽ അനൂപ്. സിയും പങ്കാളികളായി. ഇരുവരും പ്രൈമറി വിദ്യാഭ്യാസ കാലം മുതൽ സഹപാഠികളുമാണ്. വർഷങ്ങളായി അധ്യാപക പരിശീലനത്തിനും നിരവധി വിദ്യാഭ്യാസ പദ്ധതികളിലും നേതൃത്വനിരയിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. അനൂപ്. സി നിരവധി വർഷങ്ങളായി KITE ൻ്റെ ടെക്നോളജി പരിശീലകനും കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫറൂഖ് ട്രെയിനിംഗ് കോളേജ് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിൽ പ്രൊഫ. ഡോ. ടി. മുഹമ്മദ് സലീമിൻ്റെ കീഴിൽ വിദ്യാഭ്യാസ ഗവേഷകനുമാണ്. സ്വന്തം വിദ്യാലയത്തിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാലയത്തിനും നാടിനും അഭിമാനമായ ഈ പ്രതിഭകൾ.