പെരിന്തല്‍മണ്ണ: പെരുന്നാള്‍ അവധി കണ്ണീരായി. പാലൂർക്കോട്ട വെള്ളച്ചാട്ടത്തില്‍ നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. പെരിന്തല്‍മണ്ണ കടുങ്ങപുരം പാലൂർക്കോട്ട വെള്ളച്ചാട്ടത്തിനു മുകളിലാണ് അപകടം നടന്നത്ത്. മൂർക്കനാട് വെങ്ങാട് നായ്പടി സ്വദേശി മുത്തേടത്ത് ശിഹാബുദ്ദീനാണ് (53) മരണപ്പെട്ടത്. പെരുന്നാള്‍ അവധി പ്രമാണിച്ച് സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തുള്ള വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ദീനെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലും ഒരാളെ മാലാപറമ്ബ് എം.ഇ.എസ്. ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
സമീപത്തുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടവരെ ഉടൻതന്നെ ആശുപത്രികളില്‍ എത്തിച്ചത്. സംഭവത്തെ തുടർന്ന് കൊളത്തൂർ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഈ ഭാഗത്തെ അപകട സാധ്യതകള്‍ സന്ദർശകർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.