തിരൂർ: പനമ്പാലം പാലം – പയ്യനങ്ങാടി റോഡ് പ്രവർത്തിക്ക് ഒച്ചിന്റെ വേഗത: ബസ് സർവീസ് നിർത്തിവയ്ക്കേണ്ടി വരുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ റോഡ് പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നു. ഒരു മാസം കൊണ്ട് പൂർത്തിയാകുമെന്ന് പറഞ്ഞ പയ്യനങ്ങാടി പനമ്പാലം റോഡ് പ്രവൃത്തി നാലു മാസം കഴിഞ്ഞിട്ടും ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പനമ്പാലം പുതിയ പാലത്തിന്‍റെ പ്രവൃത്തി പൂർത്തിയായെങ്കിലും പാലത്തിലേക്ക് എത്തുന്ന റോഡിന്‍റെ പണി എങ്ങുമെത്താതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്. പ്രവൃത്തി വേഗം പൂർത്തീകരിച്ചില്ലെങ്കിൽ ഇതിലൂടെയുള്ള സർവിസ് നിർത്തിവേക്കണ്ട അവസ്ഥയിലാണുള്ളതെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പനമ്പാലം പുതിയ പാലത്തിന്‍റെയും രണ്ടു ഭഗങ്ങളിലെ അപ്രോച്ച് റോഡുകളുടെയും പ്രവൃത്തി പൂർത്തിയായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ആരംഭിച്ചിരുന്നു. എന്നാൽ തിരൂർ ഭാഗത്ത് നിന്നുള്ള റേഡിന്‍റെ പ്രവൃത്തിയാണ് മന്ദഗതിയിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു മാസം പ്രവൃത്തിക്കായി ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി പൂർത്തിയാക്കാനായിട്ടില്ല. റോഡ് പൂർണമായും നന്നാക്കാതെ ഇതിലൂടെ സർവിസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ബസ് ജീവനക്കാർ.