താനൂർ : താനൂർ കസ്റ്റഡി കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം താനൂരിലെത്തി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം താനൂരിലെത്തിയത്. ഹൈദരബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും കൂടെയുണ്ടായിരുന്നു. കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിൽ താമിർ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ച ചോദ്യം ചെയ്യൽ നടന്നെന്ന് സംശയിക്കുന്ന പൊലീസ് ക്വോർട്ടേഴ്സിലുൾപ്പെടെ ശാസ്ത്രീയ പരിശോധനകൾ നടത്തിയ സംഘം കേസിലെ സാക്ഷികളേയും വിളിച്ചു വരുത്തുമെന്നാണറിയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനായിരുന്നു നിരോധിത രാസലഹരിയായ എം.ഡി.എം.എ കൈവശം വെച്ചെന്ന കേസിൽ തിരൂരങ്ങാടി മമ്പുറം സ്വദേശിയായ താമിർ ജിഫ്രിയെയും കൂടെയുള്ളവരെയും മലപ്പുറം എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കർമ സേനയായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിൽ വെച്ച് ഇയാൾ മരണപ്പെട്ടതോടെ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡാൻസാഫ് ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.