മീശപ്പടി – കോട്ടിലത്തറ റോഡും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
തിരൂർ നഗരസഭയും ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തും അതിർത്തി പങ്കിടുന്ന ഇരിങ്ങാവൂർ പനമ്പാലത്ത് നിർമാണം പൂർത്തിയാക്കിയ പുതിയ പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.
അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മീശപ്പടി – കോട്ടിലത്തറ റോഡിന്റെയും തിരൂർ- പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനവും മീശപ്പടിയിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
കിഫ്ബി ഫണ്ടിൽ നിന്ന് 13.39 കോടി ചെലവഴിച്ചാണ് പനമ്പാലം പാലം നിർമ്മാണം പൂർത്തീകരിച്ചത്. പാലത്തിന് 104 മീറ്റർ നീളവുമാണുള്ളത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ പഴയ പാലത്തിന് സമാന്തരമായാണ് തിരൂർ പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. കൽപകഞ്ചേരി, കടുങ്ങാത്തുകുണ്ട് ഭാഗത്തുനിന്ന് തിരൂരിലേക്ക് വരുന്നവർക്കും പോകുന്നവർക്കും വൈലത്തൂരിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ എളുപ്പത്തിലെത്താൽ യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഒൻപത്, പത്ത് വാർഡുകളിലൂടെ കടന്നുപോകുന്നതാണ് മീശപ്പടി- കോട്ടിലത്തറ റോഡ്. ഒന്നര കിലോമീറ്റർ നീളത്തിൽ എട്ട് മീറ്റർ വീതിയിൽ അഞ്ചു കോടി രൂപ ചെലവിലാണ് നിർമ്മാണം. നാല് മീറ്റർ വീതിയുണ്ടായിരുന്ന ഈ റോഡ് എട്ടു മീറ്റർ വീതിയിൽ നിർമ്മിക്കാൻ 74 ഭൂവുടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. തിരൂർ പുഴയ്ക്ക് കുറുകെ കോട്ടിലത്തറ- മനക്കടവ് പാലം നിർമാണം പൂർത്തിയായാൽ ബംഗ്ലാം കുന്നിൽ നിന്നും തിരൂർക്കുള്ള എളുപ്പ വഴി കൂടിയാവും ഈ പാത.
കുറുക്കോളി മൊയ്തീൻ എം.എൽ.എ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജിറ കുണ്ടിൽ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി നാസർ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മർഹാജി പോക്കാട്ട്, ജില്ല പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, പൊതുമരാമത്തു വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സി.എച്ച് അബ്ദുൽ ഗഫൂർ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ യു.പി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.