കൽപകഞ്ചേരി: കൽപകഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആനപ്പടിക്കൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആതുര ശുശ്രൂഷ സേവന രംഗത്തെ പുതിയ സംരംഭമായ തണൽ പോളിക്ലിനിക്ക് കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ട് കാലമായി സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് അത്താണിയായി മാറിയ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. 3000 ത്തിൽ പരം കുടുംബങ്ങൾക്ക് മാസാന്തം ഭക്ഷണ കിറ്റുകൾ, റിഹാബിലിറ്റേഷൻ സെന്റർ, അനാഥകളുടെയും വിധവകളുടെയും സംരക്ഷണത്തിന് തണൽ ഫോസ്റ്റർ കെയർ, മാസാന്ത പെൻഷൻ പദ്ധതി, ഹൗസിംഗ് പ്രോജക്ട്, വിദ്യാഭ്യാസ സഹായം, തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണ്. ഡോ.സി മുഹമ്മദ്, ഡോ. അഷീഖ സജ്ന, ഡോ. അൻവർ ആമീൻ, കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ, എ. പി. സബാഹ്, എ.പി.ജമീല, നസീബ അസീസ് തുടങ്ങിയവർ പങ്കെടുത്തു.