താനൂർ: ആൾമാറാട്ടത്തിലൂടെ നിരവധി പേരെ കബളിപ്പിച്ച് പണവും സാധനങ്ങളും തട്ടിയെടുക്കുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്ത കൂട്ടായി സ്വദേശി താനൂർ പൊലീസ് പിടിയിലായി. കൂട്ടായി പുതിയവീട്ടിൽ അബ്ദുൽ ജംഷി (43)നെയാണ് താനൂർ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ ഇൻസ്‌പെക്ടർ ടോണി ജെ. മറ്റം, സബ് ഇൻസ്‌പെക്ടർമാരായ എൻ.ആർ. സുജിത്, പ്രമോദ്, എ.എസ്.ഐ സലേഷ്, സി.പി.ഒമാരായ ബിജോയ്, വിപീഷ്, പ്രബീഷ്, ലിബിൻ എന്നിവരങ്ങിയ പൊലീസ് സംഘം വലയിലാക്കിയത്.
പ്രതി ഏപ്രിൽ 28 ന് താനൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന മോര്യ സ്വദേശിയായ സജീഷിന്റെ ഹീറോ മോട്ടോർ സൈക്കിൾ മോഷ്ടിച്ചിരുന്നു. പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ദൃശ്യങ്ങളിൽ ഇയാൾ മാസ്ക് ധരിച്ച നിലയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാൾ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിവിധ തട്ടിപ്പുകൾ നടത്തി പണവുമായി കടന്നു കളഞ്ഞ ജംഷി ആണെന്ന് കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടുനിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. നിർധന സ്ത്രീകളെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടുന്നതും ഇയാളുടെ പതിവായിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.