കൽപകഞ്ചേരി: 45 വർഷങ്ങൾക്ക് ശേഷം സഹപാഠികൾ ഒത്തുകൂടി. കല്പകഞ്ചേരി ഗവർമെൻ്റ് ഹൈസ്കൂളിൽ 1979-80 കാലഘട്ടത്തിൽ പത്താ ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ മാതൃവിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടിയത് വൈകാരിക രംഗങ്ങൾക്ക് വേദിയായി. ഇതിൽ ബഹുഭൂരിപക്ഷം ആളുകളും സ്കൂൾ വിട്ടതിന് ശേഷം ആദ്യമായി കാണുകയായിരുന്നു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽപ്രവർത്തിക്കുന്ന ഇവർ കുറേ സമയം പഴയ പത്താം തരം വിദ്യാർത്ഥികളായി മാറിയപ്പോൾ പഴയകാല സ്മൃതികളുടേയും, അനുഭവങ്ങളുടേയും കുത്തൊഴുക്കായി മാറി. ബ്ലോസത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദസംഗമവും ഓണാഘോഷപരിപാടികളും അക്കാലത്തെ കെമിസ്ട്രി അദ്ധ്യാപകനും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവുമായ ഹംസ മാസ്റ്റർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സി.പി രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പി.ടി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പ്രൊഫസർ പാറയിൽ മൊയ്തീൻകുട്ടി, എ.പി. ആസാദ്, എ.പി മുസ്തഫ. പി.കെ അബ്ദുള്ളകുട്ടി, റാഫി, പി ബഷീർ, പി.എസ് മുഹമ്മദ്, എം.പി വേണുഗോപാൽ, കെ.എം ചേക്കുട്ടി ഹാജി,എം.ടി സീനത്ത്, വി. രമണി, മിനി എന്നിവർ പ്രസംഗിച്ചു.